---
title: "കനത്ത മഴയാണ്,ചുരം വഴിയാത്ര കഴിയുന്നത്ര ഒഴിവാക്കുക ;  താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു"
english_title: "Heavy rain is prevailing; please avoid traveling via the mountain pass as much as possible. Traffic has been completely disrupted on the Thamarassery Ghat Road after a tree fell onto a car."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371290/Heavy rain is prevailing; please avoid traveling via the mountain pass as much as possible. Traffic has been completely disrupted on the Thamarassery Ghat Road after a tree fell onto a car."
published_at: "2026-07-09T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f1738b1ad0_1001315028.jpg"
keywords: []
---

# കനത്ത മഴയാണ്,ചുരം വഴിയാത്ര കഴിയുന്നത്ര ഒഴിവാക്കുക ;  താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

> **Lead Summary:** കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ചുരത്തിൽ വാഹന​ഗതാ​ഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ചുരത്തിൽ വാഹന​ഗതാ​ഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മരം വീണതിനെ തുടർന്ന് നിലവിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371290/Heavy rain is prevailing; please avoid traveling via the mountain pass as much as possible. Traffic has been completely disrupted on the Thamarassery Ghat Road after a tree fell onto a car.)